അദ്ധ്യാത്മിക ശക്തികൊണ്ട് മനോബലം ഉണ്ടാക്കണം
അമൃതാനന്ദമയി അമ്മ
കേരളത്തിന്റെ നെല്ലറ പാലക്കാട് ആണന്ന് പ്രൈമറി സ്കുളില്‍ പഠിപ്പിച്ചിരുന്നത് അമ്മ ഓര്‍ക്കുന്നു. നമ്മുടെ നാട് കൃഷിയുടെ നാടായിരുന്നു. പക്ഷേ കൃഷിനാശംമൂലം ആരും ആത്മഹത്യ ചെയ്തിട്ടില്ല. പക്ഷേ ഇപ്പോള്‍ എന്താണ് നടക്കുന്നത്? കര്‍ഷകരുടെ ആത്മഹത്യകള്‍ പെരുകുകയാണ് കഴിഞ്ഞ പത്തുവര്‍ഷത്തെ പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഈ സത്യം കൂടുതല്‍ വ്യക്തമായത്. ആത്മഹത്യചെയ്യുന്നവരുടെ കുടുംബാംഗങ്ങള്‍ അമ്മയെ കണ്ട് സങ്കടം പറഞ്ഞു. ക്യഷിക്കാരുടെ കാര്യത്തില്‍ അമ്മ ഒരു കാര്യം മനസ്സിലാക്കി. വിത്തുനടുമ്പോള്‍ കിലോയ്ക്ക് മുപ്പത്- നാല്പ്പത് വിലയുള്ള ഒരു വിള, വിളവ് എടുക്കുമ്പോള്‍ അഞ്ചു രൂപയില്‍ താഴെ മാത്രമേ വിറ്റാല്‍ കിട്ടുകയുള്ളു. സ്വന്തം സ്ഥലത്തിന്റെ ആധാരം പണയപ്പെടുത്തി കൃഷിനടത്താന്‍ തുടങ്ങുന്നവര്‍ കുടുതല്‍ കടക്കാരാവുന്നു. കൂടുതല്‍ പലിശകൊടുത്തു പണം വീണ്ടും കടമെടുത്തു പണിക്കൂലിനല്കും. തങ്ങള്‍ ഉത്‍പാദിപ്പിച്ച വിളയുടെ, അല്ലെങ്കില്‍ ധാന്യത്തിന്റെ വിലക്കുറവു കാരണം ഇവര്‍ക്കു കടം വീട്ടാന്‍ ആവില്ല. പണം കടം കൊടുത്തവര്‍ വന്നു ബഹളമാകും. കുടുംബനാഥന്‍ മദ്യത്തിന് അടിമയാകും. പിന്നെ വീട്ടില്‍ വഴക്കായി. ചിലര്‍ കുടുംബാംഗങ്ങള്‍ക്ക് മുഴുവന്‍ വിഷം നല്കി. കുട്ടികളെയും കൊന്ന് മരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പലപ്പോഴും എട്ടും പൊട്ടും തിരിയാത്ത കുട്ടികള്‍ അവശേഷിച്ചു. ഇങ്ങനെ കുട്ടികളെകൂടി കൊന്ന് ആത്മഹത്യ ചെയ്യുന്നത് കേട്ടപ്പേള്‍ അമ്മയ്ക്ക് വിഷമമായി. ഇവരുടെ കുട്ടികളെ സംരക്ഷിക്കുവാന്‍ ആരെങ്കിലും ഉണ്ടെന്ന് തോന്നിയാല്‍ കുട്ടികളെക്കൂടിക്കൊല്ലുമോ? ഇവര്‍ ആത്മഹത്യ ചെയ്യണം എന്നല്ല അമ്മ പറയുന്നത്.
ചില മാതാപിതാക്കള്‍ അവരുടെ കുട്ടികളെ അമ്മ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് എത്തി. ഇവരില്‍ പലരും സ്ത്രീകളായിരുന്നു. ഭര്‍ത്താവ് മരിച്ച, ഭര്‍ത്താവ് ഉപേക്ഷിച്ച, ഭര്‍ത്താവ് തളര്‍ന്ന് കിടക്കുന്ന സ്ത്രീകള്‍ തങ്ങളുടെ കുട്ടികളെയും കൂട്ടി അമ്മയുടെ അടുത്തെത്തി സങ്കടം പറഞ്ഞു. ഇവര്‍ ജോലിചെയ്ത് കുട്ടികളെ സംരക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കിലും ജോലിസ്ഥലത്തുപോലും സുരക്ഷിതത്വമില്ല എന്ന് അവര്‍പറഞ്ഞു. അവരും ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചാണ് പറഞ്ഞത്. മാനത്തോടെ ഒരു ജോലി നേടാന്‍ പോലും ഈ പാവങ്ങള്‍ക്ക് ബുദ്ധി മുട്ടാണ്, ഭയമാണെന്ന് അവര്‍ പറഞ്ഞു.
നടക്കുന്ന മറ്റു ചില സംഭവങ്ങള്‍ ഉണ്ട്. ഒരു സ്ത്രീ പറഞ്ഞു: ‘അമ്മാ എന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചു. രണ്ടുക്കുട്ടികളുണ്ട്. മാസത്തില്‍ രണ്ടാഴ്ച വേശ്യാവൃത്തിക്ക് ദൂരെ എവിടെങ്കിലും പോകും. എന്നിട്ട് കുട്ടികളുടെപഠനത്തിനും നിത്യച്ചെലവിനും പണം ഉണ്ടാക്കും. പണം തീരുമ്പോള്‍ പിന്നെയും പോകേണ്ടിവരുന്നു’-അതു പറയുമ്പോള്‍ ആ സ്ത്രീ കരയുകയായിരുന്നു.
എന്തൊരു ക്രൂരമായ സത്യങ്ങളാണ് അമ്മ കണ്ടതും കേട്ടതും ? ഇതു കൊണ്ടാണ് ഈ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിന് ഒരു സഹായനിധി അമ്മ തുടങ്ങി വെച്ചത്. പത്രത്തില്‍ ജോലിചെയ്യുന്ന ഒരു മോന്‍ അമ്മയോട് ചോദിച്ചു: ഇതുകൊണ്ട് ആത്മഹത്യ തടയാന്‍ സാധിക്കുമോ? വിദ്യാഭ്യാസനിധി കൊണ്ട് എന്തു പ്രയോജനം ? അമ്മ ആ മോനോട് പറഞ്ഞു: വിദ്യാഭ്യാസ സഹായനിധി ആത്മഹത്യ തടയുവാന്‍ഉള്ളതല്ല. മുങ്ങിച്ചാകുവാന്‍ പോകുന്നവന് ഒരു കമ്പ് കിട്ടുന്നതുപോലെ, നിലയില്ലാക്കയത്തില്‍ മുങ്ങുന്നവന് ഒരു കമ്പ്. അതാണ് അമ്മ ഉദ്ദേശിക്കുന്നത്. ഇതുകൊണ്ട് നമ്മള്‍ സമൂഹത്തിന് ചിലകാര്യങ്ങള്‍ ഉണ്ട്.സ്വന്തം കുഞ്ഞുങ്ങള്‍ വഴിയാധാരമാവില്ല എന്നു മനസ്സിലായാല്‍ പലരും ആത്മഹത്യയില്‍ നിന്ന് പിന്തിരിയും. ‘ഒരു തുമ്പ്;ഒരു പ്രതീക്ഷ;’അത് നല്കാനാണ് അമ്മ ശ്രമിക്കുന്നത്. ഇപ്പോള്‍ മുപ്പതിനായിരം കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായനിധി അമ്മ തുടങ്ങുന്നു. അത് അഞ്ചു ലക്ഷം കുട്ടികള്‍ക്ക് സഹായം നല്കുന്ന പദ്ധതിയായി ഉയര്‍ത്തണം എന്ന് അമ്മ ആഗ്രഹിക്കുന്നു. ഇതിനൊക്കെ പണം എവിടെ നിന്ന് കിട്ടും എന്ന് ഒരു മോന്‍ അമ്മയോട് ചോദിച്ചു. പത്തു കിട്ടിയാല്‍ നൂറ് തിരിച്ചുകൊടുക്കാന്‍ നമ്മള്‍ പഠിക്കണം സുനാമി ദുരിത കാലത്തും ഗുജറാത്തിലെ ഭൂകമ്പകാലത്തും പണം മാറ്റിവെച്ചിട്ടല്ല അമ്മ ദുരിതാശ്വാസ പ്രവര്‍ത്തനം തുടങ്ങിയത്. അമ്മയുടെ സ്വത്ത് അധ്വാനിക്കുന്ന, മറ്റുള്ളവരെ സഹായിക്കണം എന്ന് ആഗ്രഹമുള്ള, മക്കളെ സഹായിക്കണം എന്ന് ആഗ്രഹമുള്ള അമ്മയുടെ മക്കളാണ്. ഈ മക്കളുടെ സഹായത്തോടെ നമുക്ക് ഇവരെ രക്ഷിക്കാനാവും, ഉറപ്പ്.മനഃശക്തിയില്ലാത്ത തലമുറയ്ക്ക് പകരം ആധ്യാത്മിക ശക്തി കൊണ്ട് മനോബലം ഉള്ള തലമുറയെ നമുക്കു സൃഷ്ടിക്കാം. ഉള്ളില്‍ മൂല്യം, ശക്തി എന്നിവഉണ്ടെങ്കില്‍ ഇവര്‍ക്ക് ജീവിക്കാന്‍ കരുത്തുണ്ടാവും. ഈ മൂല്യം, ഈ കരുത്ത് വരുന്ന തലമുറയ്ക്കെങ്കിലും പകര്‍ന്നുനല്കാനാണ് അമ്മ ശ്രമിക്കുന്നത്. മൂല്യം ഉണ്ടെങ്കില്‍ അവര്‍ക്ക് ഏതു പ്രതിസന്ധിയെയും അതിജീവിക്കാന്‍ കഴിയും. ഇതിനുവേണ്ടി നമുക്ക് ഒരുമിച്ചു പ്രയത്നിക്കാം- ജഗദീശ്വരന്‍ ഈ നിരാലംബരെ അനുഗ്രഹിക്കട്ടെ.
കടപ്പാട്: മാതൃഭുമി
0 comments:
Post a Comment