ശരിയായ ഭൗതിക ശ്രേയസ്സ് ആധ്യാത്മികതയിലൂടെ മാത്രമേ കൈവരൂ
അമൃതാനന്ദമയി അമ്മ
ഭാരതം ദരിദ്രരാഷ്ട്രമാണെന്ന് പറയുന്ന പലരെയും അമ്മ കണ്ടിട്ടുണ്ട്. അമ്മയ്ക്ക് ഈ അഭിപ്രായത്തോട് യോജിപ്പില്ല. ഭൗതികസമ്പത്തില്‍ ഭാരതം ദരിദ്രയാണെന്നു തോന്നാം. എന്നാല്‍ മനഃശാന്തിയില്‍ ഇന്നു ഭാരതം സമ്പന്നം തന്നെയാണ്. സുഖലോലുപതയില്‍ കഴിയുന്ന പല പാശ്ചാത്യനാടുകളിലും എന്താണ് നടക്കുന്നത്? കുറ്റകൃത്യങ്ങള്‍ പെരുകുന്നു. അവിടെ നടക്കുന്ന അത്രയും കുറ്റകൃത്യങ്ങള്‍ ഭാരതത്തില്‍ നടക്കുന്നില്ല. മനോരോഗികളുടെയും എണ്ണം നമ്മുടെ നാട്ടില്‍ പെരുകുന്നില്ല.എന്താണ് ഇതിന് കാരണമെന്ന് മക്കള്‍ ചിന്തിച്ചിട്ടുണ്ടോ? ഇവിടെയൊരു ആദ്ധ്യാത്മിക സംസ്കാരം അവശേഷിച്ചിട്ടുണ്ട്. ആധ്യാത്മിക തത്ത്വങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ മാത്രമേ സമൂഹത്തില്‍ ശാന്തി നിലനിര്‍ത്താനാവൂ.
താനുണ്ടാക്കിയ സ്വത്തില്‍ തനിക്കു ജീവിക്കുവാന്‍ വേണ്ടതു മാത്രമെടുത്തിട്ട് ബാക്കി ദാനം ചെയ്യുവാനാണ് ആദ്ധ്യാത്മികം ഉപദേശിക്കുന്നത്. പക്ഷേ, വര്‍ത്തമാനകാലത്ത് എന്താണ് നടക്കുന്നത്? മറ്റുള്ളവന്റെ സ്വത്ത് അപഹരിച്ച് ബാങ്കിലിടാനാണ് ഇന്നുള്ളര്‍ ശ്രമിക്കുന്നത്. നമ്മുടെ ജീവിതം മുഴുവന്‍ പണം സമ്പാദിക്കുവാന്‍ നീക്കിവച്ചിരിക്കുന്നു.എത്ര സ്വത്ത് നേടിയിട്ടും ജീവിക്കുന്നത് ഏറ്റവും ദരിദ്രനായിട്ടും. കാരണം സമ്പത്തുണ്ടെങ്കിലും മനഃശാന്തിയില്ല. ഒരുപിടി വറ്റാണെങ്കിലും കുടുംബത്തിലെ എല്ലാവരും പങ്കിട്ടുകഴിച്ച് സംതൃപ്തിയോടെ കിടന്നുറങ്ങുന്ന പാവപ്പെട്ടവനോ അതോ അസുഖം കാരണം വയറുനിറച്ചുണ്ണുവാന്‍ കഴിയാതെ സ്വാര്‍ത്ഥചിന്തകള്‍ കൊണ്ട് ഉറക്കം വരാതെ എയര്‍ കണ്ടീഷന്‍ മുറിയില്‍ കിടന്നുരുളുന്ന ധനവാനോ ആരാണ് യഥാര്‍ത്ഥത്തില്‍ ദരിദ്രന്‍? ധനം ധാരാളം ഉണ്ടെങ്കില്‍പ്പോലും ധനവാന് ഉറക്കം ഉണ്ടാവില്ല. വിവിധ രോഗങ്ങള്‍ക്ക് കഴിയ്ക്കുന്ന മരുന്നുകള്‍ ആഹാരത്തേക്കാള്‍ കൂടുതലാണ്. ഇങ്ങനെ നോക്കിയാല്‍ ഭാരതം സമ്പന്ന രാജ്യം തന്നെയാണ്. ആ സമ്പത്തു നഷ്ടമാകാതെ നമ്മള്‍ നോക്കിയാല്‍ മതി.
ഭൗതികമായും ഭാരതം സമ്പന്നരാജ്യം തന്നെയായിരുന്നു. എന്നാല്‍ ഇവിടെ ഉള്ളവരില്‍ അഹങ്കാരം വര്‍ദ്ധിക്കാന്‍ തുടങ്ങി. തനിക്ക് അവന്റെതുകൂടി വേണമെന്നായി. ഇതു ഭ്രാന്താണ്. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പൊരുതുന്നവര്‍ ഭ്രാന്തന്മാരാണ്. പരസ്പരമുള്ള അസൂയയിലും അഹങ്കാരത്തിലും ഈശ്വരനെ മറക്കാന്‍ തുടങ്ങി. ധര്‍മ്മം വെടിഞ്ഞു പരസ്പരം കലഹം വര്‍ദ്ധിച്ചു. തന്മൂലം ഭൗതിക ശക്തിയും നഷ്ടമായി. അതുകൊണ്ട് മറ്റുള്ള രാജ്യക്കാര്‍ ഇവിടെയെത്തി നമ്മെ കീഴടക്കി. അവരുടെ ആധിപത്യത്തിനു കാരണമായി. വര്‍ഷങ്ങളോളം വിദേശികള്‍ ഭാരതത്തെ അടക്കിവാണു.
ശരിയായ ഭൗതിക ശ്രേയസ്സ് ആധ്യാത്മിക വിദ്യയിലൂടെ മാത്രമേ കൈവരികയുള്ളു എന്നവര്‍ മനസ്സിലാക്കുന്നില്ല. ഇന്നുള്ള ഭൗതിക സമ്പത്തുതന്നെ വേണ്ടരീതിയില്‍ വിനിയോഗിച്ചാല്‍ ഇവിടെ ദാരിദ്ര്യത്തിനു സ്ഥാനം കാണില്ല. ഇവിടെയുള്ളവര്‍ക്ക് കഴിയാന്‍ വേണ്ടതു ഇവിടെത്തന്നെയുണ്ട്. പക്ഷേ, അന്യന്റെ മുതല്‍ ആരും അപഹരിക്കരുത്.
മറ്റുസംസ്ഥാനങ്ങളില്‍ എന്താണു നടക്കുന്നത്? തരിശുഭൂമിയില്‍ ജലസേചനം നടത്തി കൃഷിയിറക്കുന്നു. നമ്മളാകട്ടെ കൃഷിസ്ഥലങ്ങളും കളിസ്ഥലങ്ങളും വ്യവസായശാലകളാക്കി മാറ്റുന്നു. കൃഷിസ്ഥലങ്ങള്‍ നികത്തി കെട്ടിടങ്ങള്‍ പണിയുന്നു. അങ്ങനെ പണം കൊയ്യാന്‍ ശ്രമിക്കുന്നു. പണം നല്കിയാല്‍ വാങ്ങാന്‍ ആഹാരമുണ്ടോ?
ഓരോ രാജ്യത്തിനും തനതായ പൈതൃകമുണ്ട്. അതില്‍ ഊന്നി നിന്നുകൊണ്ടുള്ള പരിഷ്കാരമേ, ആ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയുള്ളൂ. അതിനാല്‍ നമ്മുടെ സംസ്കാരം ഉള്‍ക്കൊണ്ട ചെറുപ്പക്കാര്‍ ചെറിയ ചെറിയ കൂട്ടങ്ങളായി ഓരോഗ്രാമത്തിലും ചെന്ന് ജനങ്ങളെ ബോധവാന്മാരാക്കണം.
രാജ്യത്തെ സ്വന്തം വീടുപോലെ കാണുവാന്‍ പഠിക്കണം. കൃഷിഭൂമി കൃഷിക്കുവേണ്ടി വിനിയോഗിക്കുവാന്‍ അവരെ പ്രേരിപ്പിക്കണം. വീടില്ലാത്തവര്‍ക്ക് വീടുവെച്ചു കൊടുക്കണം. ആഹാരമില്ലാത്തവര്‍ക്ക് ആഹാരം എത്തിക്കണം. ഒപ്പം നമ്മുടെ സംസ്കാരം കൂടി അവര്‍ക്ക് പകരണം. നമ്മുടെ സംസ്കാരത്തെ മറന്നുകൊണ്ട് ഇന്നത്തെ ഈ പോക്കുതുടര്‍ന്നാല്‍ നമ്മള്‍ വളരെ ദുഃഖങ്ങള്‍ സഹിക്കേണ്ടിവരും.
ആദ്ധ്യാത്മിക സംസ്കാരം ഭാരത്തില്‍ നിന്ന് പൂര്‍ണ്ണമായും എന്നു നഷ്ടമാകുന്നുവോ അന്ന് ഈ രാജ്യത്തിന്റെ അധഃപതനമായിരിക്കും. അതിനുള്ള സാഹചര്യങ്ങള്‍ മക്കളുടെ പ്രവര്‍ത്തികളില്‍ ഉണ്ടാകരുത്. നമ്മുടെ ആധ്യാത്മിക സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മക്കള്‍ ചെയ്യണം. അതിന് അമ്മയുടെ അനുഗ്രഹവും ഉണ്ടാകും.
കടപ്പാട്: മാതൃഭുമി
0 comments:
Post a Comment