Friday, August 3, 2012

വേണ്ടത് നിഷ്കാമ സേവനം
ആകാശത്തു മഴവില്ലു തെളിയുന്നതു മക്കള്‍ കണ്ടിട്ടില്ലേ? എത്ര മനോഹരമായ കാഴ്ചയാണത്! കുട്ടികള്‍ മഴവില്ലു കണ്ട് തുള്ളിച്ചാടുന്നതു കണ്ടിട്ടില്ലേ? കണ്ണിന് കുളിര്‍മ്മ നല്കുന്ന കാഴ്ചയാണ് മഴവില്ലിന്റേത്. ഇതിനുപരിയായി മറ്റൊരര്‍ത്ഥം കൂടി മഴവില്ലുകാണുമ്പോള്‍ നമ്മള്‍ ഓര്‍മ്മിക്കണം. വ്യത്യസ്തങ്ങളായ ഏഴു നിറങ്ങള്‍ ചേരുമ്പോഴാണ് മഴവില്ലുരൂപപ്പെടുന്നതും മനോഹരമാകുന്നതും. അതുപോലെ,രാജ്യാതിര്‍ത്തികളും മതങ്ങളും ഭാഷകളും സംസ്കാരങ്ങളും ബാഹ്യമായിത്തീര്‍ക്കുന്ന വ്യത്യാസങ്ങള്‍ നമുക്ക് അംഗീകരിക്കാന്‍ കഴിയണം. എന്നാല്‍ മനുഷ്യത്വത്തിനും മാനവികതയ്ക്കും മുന്തൂക്കം നല്കി ഒന്നിച്ചു യോജിച്ചുപോകാനും നമുക്ക് കഴിയണം. എങ്കില്‍ മഴവില്ലുപോലെ ലോകവും മനോഹരമായിത്തീരും.
ബാഹ്യമായ വ്യത്യാസങ്ങള്‍ക്കപ്പുറം മനുഷ്യനേയും പ്രപഞ്ചത്തേയും പരസ്പരം ബന്ധിപ്പിക്കുന്ന ആത്മശക്തിയിലുള്ള വിശ്വാസംകൊണ്ടേ ഈ ഐക്യം ഉണ്ടാകുകയുള്ളൂ. ഏതാനും നിമിഷങ്ങള്‍ മാത്രമാണ് മഴവില്ലു തെളിയുന്നത്. എങ്കിലും അത്രയും സമയം മറ്റുള്ളവര്‍ക്ക് ആനന്ദം പകരുന്ന തത്വമാണ് മഴവില്ലിന്റേത്. അനന്തമായ ആകാശത്തില്‍ ഉദിക്കുന്ന മഴവില്ലുപോലെ അനന്തമായ കാലത്തില്‍ മനുഷ്യായുസ്സ് വെറും തുശ്ചമാണ്.
ജീവിക്കുന്നകാലം മറ്റുള്ളവര്‍ക്കും സമൂഹത്തിനും നന്മചെയ്യുക. വ്യക്തിക്കും വ്യക്തിത്വത്തിനും നമ്മള്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കും ശക്തിയും ആകര്‍ഷണവും ഉണ്ടാകുന്നത് ഉള്ളില്‍ നന്‍മ ഉണരുമ്പോഴാണ്.
പോളിയോ ബാധിച്ച് രണ്ടുകാലുകളും തളര്‍ന്ന ഒരു കുട്ടി ഉണ്ടായിരുന്നു. വീല്‍ചെയറില്‍ അവളെ ജനലിനരുകില്‍ കൊണ്ടിരുത്തുന്നത് അവളുടെ അമ്മയായിരുന്നു. പുറമേയുള്ള പ്രകൃതി ഭംഗി എല്ലാം അവള്‍ ജനലിലൂടെ കാണും. പക്ഷേ, മറ്റു കുട്ടികളെപ്പോലെ നടക്കാന്‍ സാധിക്കാത്തതില്‍ അവള്‍ ദുഃഖിക്കും. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം ജനലിലൂടെ മഴവില്ലുകണ്ടു. എത്ര ഭംഗിയുള്ള മഴവില്ല് എന്നോര്‍ത്ത് അവള്‍ ആഹ്ലാദിച്ചു. പക്ഷേ, ഏതാനും മിന്നുട്ടുകള്‍ക്കകം മഴവില്ല് മാഞ്ഞുപോയി. അമ്മയെവിളിച്ച് തനിക്ക് വീണ്ടും ആ മഴവില്ല് കാണിച്ചുതരണം എന്നാവശ്യപ്പെട്ടു.
മോളേ, മഴവില്ല് എപ്പോഴും കാണാന്‍ സാധിക്കുകയില്ല. മഴയും വെയിലും ഒരുമിച്ചുവരുമ്പോള്‍ മാത്രമേ മഴവില്ല് ഉണ്ടാകുകയുള്ളൂ അമ്മ പറഞ്ഞുകൊടുത്തു.
പിന്നെ മഴയും വെയിലും ഒരുമിച്ച് വരുന്ന ദിവസം കാത്ത് ആ കുട്ടി ഇരുപ്പായി. അങ്ങനെയിരിക്കെ വീണ്ടും ഒരു ദിവസം മഴവില്ല് വന്നു. അവളുടെ അമ്മ വീല്‍ചെയറില്‍ അവളെ മലമുകളിലേക്കു കൊണ്ടുപോയി നിനക്ക് എങ്ങനെയാണ് ഇത്ര അഴക് കിട്ടുന്നത്? കുട്ടി മഴവില്ലിനോട് ചോദിച്ചു. അപ്പോള്‍ മഴവില്ലു പറഞ്ഞു മഴയും വെയിലുംകൂടിച്ചേരുന്ന അല്പ നിമിഷങ്ങള്‍ മാത്രമേ എനിക്ക് ആയുസ്സുള്ളൂഎന്നോര്‍ത്ത് ഞാന്‍ ദുഃഖിക്കുമായിരുന്നു. അല്പായുസ്സുള്ള എന്റെ‍ ജീവിതംകൊണ്ട് മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കാന്‍ സാധിക്കട്ടെ എന്നു ഞാന്‍ ആഗ്രഹിച്ചു. ഈ ചിന്ത എന്നില്‍ വന്നപ്പോള്‍ ഏഴുനിറങ്ങള്‍ എനിക്കുകിട്ടി. ഇത്രയും പറഞ്ഞപ്പോള്‍ മഴവില്ലുമാഞ്ഞുപോയി. ഇതുകേട്ട പെണ്‍കുട്ടിയുടെ ഹൃദയത്തില്‍ ഒരു മഴവില്ലു വിരിഞ്ഞു. തന്റെ‍ അംഗവൈകല്യത്തില്‍ ദുഃഖിച്ച് ജീവിതം തള്ളിനീക്കുകയല്ല, ജീവിക്കുന്ന അല്പസമയം മറ്റുള്ളവര്‍ക്കു സന്തോഷം പകരുകയാണ് ചെയ്യേണ്ടതെന്ന് അവള്‍ക്ക് മനസ്സിലായി.
രാജ്യാതിര്‍ത്തിയുടേയും ജാതിയുടേയും വര്‍ണ്ണത്തിന്റേയും പേരില്‍ നമ്മള്‍ തമ്മില്‍ തല്ലുകയല്ല വേണ്ടത്. ലോകജനത നേരിടുന്ന വേദനകള്‍ നമ്മള്‍ കാണണം. ക്ഷണികമായ നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവരുടെ വേദനകള്‍ മാറ്റാന്‍ ശ്രമിക്കണം.
ദുരിതമനുഭവിക്കുന്ന ധാരാളം ആളുകളെ നമുക്ക് ലോകത്തില്‍ കാണ‍ാം. ചൂഷണംചെയ്യപ്പെട്ട സ്ത്രീകള്‍, വേദനസംഹാരിപോലും വാങ്ങാന്‍ പണമില്ലാതെ കഷ്ടതയനുഭവിക്കുന്നവര്‍. ഇപ്പോള്‍ നമ്മുടെ കൊച്ചുകേരളത്തില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന പനി കാരണം വളരെപേര്‍ക്ക് ജോലിക്കുപോകാന്‍പോലും സാധിക്കുന്നില്ല. അവരുടെ വീട്ടില്‍ നിത്യവൃത്തിക്ക് ബുദ്ധിമുട്ടുണ്ട്. ഇങ്ങനെയുള്ളവരെ നിഷ്കാമമായി സേവിക്കാന്‍ സന്നദ്ധതയുള്ളവരെയാണ് ലോകത്തിനുവേണ്ടത്.
നമുക്ക് അല്പമെങ്കിലും കാരുണ്യമുണ്ടെങ്കില്‍ ദുഃഖവും ദുരിതവും അനുഭവിക്കുന്നവര്‍ക്കുവേണ്ടി, മക്കള്‍ ദിവസവും അരമണിക്കൂര്‍ കൂടുതല്‍ ജോലിചെയ്യണമെന്നാണ് അമ്മയുടെ അപേക്ഷ. അങ്ങനെ ലഭിക്കുന്ന പണം സ്വരൂപിച്ചു പാവപ്പെട്ടവരെ സഹായിക്കാനായി വിനിയോഗിക്കുക. അതിനുവേണ്ടി സംഘടിതരായി പ്രവര്‍ത്തിക്കുക. കുറച്ചു നിഷ്കാമികളായ മക്കള്‍ ഇതിനുവേണ്ടി മുന്നോട്ടിറങ്ങണം. ഇത് കൂട്ടായ്മയുടെ യുഗമാണ്. ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കുവാന്‍ കഴിയുകയുള്ളൂ. എല്ലാ മക്കള്‍ക്കും നന്‍മകള്‍ നേരുന്നു.
                                                             
                                                                                                                                                                   - അമ്മ
കടപ്പാട്: മാതൃഭൂമി 

0 comments:

  © Design 'amritatheertham' by SOUL 2012

Back to TOP